കാസര്‍ഗോഡ്: ദേശീയപാത സര്‍വീസ് റോഡിലെ ബസ് ഷെല്‍ട്ടറുകള്‍ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് സ്വകാര്യബസുടമകള്‍. തലപ്പാടി-ചെങ്കള റീച്ചില്‍ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി സര്‍വീസ് റോഡിലെ ഫുട്ട്പാത്തിലാണ് ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിച്ചിട്ടുള്ളത്. പലയിടത്തും ഫുട്ട് പാത്തിന് വീതി വളരെ കുറവാണ്. റെഡിമേഡ് ബസ് ഷെല്‍ട്ടറുകള്‍ കൊണ്ടുവന്നാണ് ഓരോ സ്റ്റോപ്പുകളിലും സ്ഥാപിക്കുന്നത്.
രണ്ടുപോസ്റ്റുള്ള റെഡിമേഡ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുമ്പോള്‍ ഷെല്‍ട്ടറിന്റെ മുന്‍ഭാഗം പല സ്ഥലങ്ങളിലും റോഡിലേക്ക് തള്ളി നിന്നിട്ടാണുള്ളത്. ബസ് ബേ ഇല്ലാത്തതു കാരണം ബസുകള്‍ സര്‍വീസ് റോഡില്‍ തന്നെ ആളെ ഇറക്കാനും കയറ്റാനും നിര്‍ത്തേണ്ടി വരുന്നു. രണ്ടു ഹെവി വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാന്‍ മാത്രം വീതിയുള്ള സര്‍വീസ് റോഡില്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ പരമാവധി അരിക് ചേര്‍ന്ന് നിര്‍ത്തേണ്ടി വരുന്നു. അങ്ങനെ നിര്‍ത്തിയ പല ബസുകളുടെയും മുകള്ഭാഗം റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറില്‍ തട്ടുകയും ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ഇതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിലും മുന്‍ ജില്ലാ കളക്ടര്‍ മുമ്പാകെയും ബസുടമകള്‍ പരാതിപ്പെടുകയും ജില്ലാ കളക്ടര്‍ അപാകത പരിഹരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതാണ്. എന്നാല്‍, ഊരാളുങ്കല്‍ സൊസൈറ്റി ഷെല്ട്ടറിനടുത്തേക്ക് ബസുകള്‍ എത്താതിരിക്കാന്‍ ഷെല്‍ട്ടറിന്റെ മുന്‍വശത്ത് റോഡില്‍ ഒരു ബാരല്‍ തടസമായി സ്ഥാപിക്കുകയാണ് ഉണ്ടായത്. ഇതുമൂലം ബസുകള്‍ക്ക് വലിയ ദുരിതമാണ് ഉണ്ടായിരിക്കുന്നത്.
ഷെല്‍ട്ടറിന്റെ മുന്നില്‍ നിര്‍ത്തിയാല്‍ റോഡ് ബ്ലോക്കാകും. മുമ്പിലോ പിറകിലോ നിര്‍ത്തിയാല്‍ പരാതികള്‍ക്കും ഇടയാക്കുന്നു. ഫുട്ട്പാത്തില്‍ നിന്നും പുറത്തേക്ക് സര്‍വീസ് റോഡിലേക്ക് തള്ളി നില്ക്കുന്ന ഷെല്‍ട്ടറുകള്‍ ഫുട്ട്പാത്തിന്റെ അകത്തായി വരത്തക്കവണ്ണം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷന് ജില്ലാ കളക്ടര്‍ മുമ്പാകെ നിവേദനം നല്‍കിയതായി പ്രസിഡന്റ് കെ. ഗിരീഷ് അറിയിച്ചു.